വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാന്‍. പക്ഷാഘാതമുണ്ടായതിന് പിന്നാലെ ഹൃദായാഘാതമുണ്ടായതാണ് മരണകാരണം. പക്ഷാഘാതം സംഭവിച്ച് കോമയിലായതിന് ശേഷം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വത്തിക്കാനില്‍ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍പാപ്പയ്ക്ക് ന്യൂമോണിയ, ടൈപ് 2 പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ബ്രോങ്കോറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ന്യൂമോണിയ ബാധിതനായി 38 ദിവസം മാര്‍പാപ്പ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷം മാര്‍ച്ച് 23നാണ് വസതിയിലേക്ക് തിരിച്ചെത്തിയത്. ആശുപത്രി വിട്ടതിന് പിന്നാലെ അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തു. ഈസ്റ്റര്‍ ആശംസകളും നേര്‍ന്നിരുന്നു.






