ഫ്രാൻസിസ് മാർപാപ്പയുടെ മരണം അറിയിച്ചുകൊണ്ട് വത്തിക്കാനിൽ മണികൾ മുഴങ്ങി. മാർപാപ്പയുടെ മുഖം ആലേഖനം ചെയ്തിട്ടുള്ള കൊടികൾ നീക്കം ചെയ്യുകയും കയ്യിൽ അണിഞ്ഞിരുന്ന മുക്കുവന്റെ മോതിരം ഉടച്ചു കളയുകയും ചെയ്തു. മാർപാപ്പയുടെ മുറി അടച്ച് മുദ്ര വച്ചു. അപ്പോഴും മരണം കൊണ്ടു പോലും ലാളിത്യത്തിന്റെ ഉദാത്ത മാതൃക കാണിച്ചുതന്ന ഫ്രാൻസിസ് മാർപാപ്പയെ ലോകം സ്മരിക്കും. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്.
എന്റെ ശവകുടീരത്തിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതണം. അതും ലാറ്റിൻ ഭാഷയിൽ… അലങ്കാരങ്ങളോ സവിശേഷതകളോ ഒന്നും ഉണ്ടാകരുത്. തന്റെ പിൻഗാമികളെ അടക്കം ചെയ്തതുപോലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അല്ല ഫ്രാൻസിസ് മാർപാപ്പ അന്ത്യവിശ്രമം കൊള്ളുന്നത്. മരിയൻ ഭക്തനായ അദ്ദേഹത്തിന് സെന്റ് മേരി മേജർ ബസിലിക്കയിലാണ് നിത്യവിശ്രമം. ‘ഒരിറ്റ് കരുണ മതി ലോകം അത്രമേൽ ആർദ്രവും നീതിപൂർണവും ആകും’. ലോകത്തെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ മനുഷ്യസ്നേഹിയുടെ സൂക്തങ്ങൾ മാത്രം അവശേഷിക്കും.






