ദോഹ: ഖത്തറിൽ പുതിയ വീട് സ്വന്തമാക്കി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. ഖത്തറിലെ ആഢംബര മേഖലകളിലൊന്നായ പേൾ ഖത്തറിലെ മർസ അറേബ്യ ഐലൻഡിലുള്ള ദി സെന്റ് റേജിസിലാണ് താരം പുതിയ വീട് വാങ്ങിയത്. അൽ ഫർദാൻ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.
മുംബൈയിലെ വസതിയിൽ വെച്ച് കുത്തേറ്റ സംഭവത്തിന് മാസങ്ങൾക്ക് ശേഷം സുരക്ഷ കൂടി കണക്കിലെടുത്താണ് താരം ഖത്തറിൽ ആഢംബര വീട് സ്വന്തമാക്കിയത്. തന്റെ കുടുംബത്തിന് വളരെ അനുയോജ്യമായ സ്ഥലമാണിതെന്നും ഖത്തർ സവിശേഷമായൊരു രാജ്യമാണെന്നും സമാധാനം, സുരക്ഷ, ആധുനിക ജീവിതശൈലി തുടങ്ങിയവ ഖത്തറിന്റെ മുഖമുദ്രയാണെന്നും താരം പ്രതികരിച്ചു.






