ഓട്ടവ: കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്. 343 അംഗ ജനപ്രതിനിധിസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമാണ് ഏറ്റുമുട്ടുക. പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയും കണ്‍സര്‍വേറ്റീവ് നേതാവ് പിയേര്‍ പോളിയേവുമാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നവരില്‍ പ്രധാനികള്‍. അഭിപ്രായസര്‍വേകളില്‍ കാര്‍ണിക്കാണ് മുന്‍തൂക്കം. അതേസമയം പരാജയപ്പെട്ടാല്‍ കാനഡയിലെ ഏറ്റവും കാലാവധി കുറഞ്ഞ പ്രധാനമന്ത്രിയായിരിക്കും മാര്‍ക് കാര്‍ണി.
നാല് അറ്റ്‌ലാന്റിക് പ്രവിശ്യകളിലെയും വോട്ടെടുപ്പ് അവസാനിച്ച ശേഷം കനേഡിയന്‍ സമയം രാത്രി 7 നും 7:30 നും ഇടയില്‍ ആദ്യ ഫലങ്ങള്‍ പുറത്തുവരും. അവസാന ഫലങ്ങള്‍ രാത്രി 9:30 ന് പുറത്തുവിടും. 2.82 ലക്ഷം രജിസ്‌ട്രേഡ് വോട്ടര്‍മാരാണ് കാനഡയിലുള്ളത്. ഇതില്‍ 73 ലക്ഷം പേര്‍ മുന്‍കൂറായി വോട്ടു ചെയ്തിട്ടുണ്ട്. ഏപ്രില്‍ 18 മുതല്‍ 21 വരെയായിരുന്നു മുന്‍കൂര്‍ വോട്ടു ചെയ്യാനുള്ള കാലാവധി. ജനസംഖ്യാ വര്‍ധനവിനു ആനുപാതികമായി 2021ലെ തിരഞ്ഞെടുപ്പിലുണ്ടായിരുന്നതിനേക്കാള്‍ അഞ്ച് സീറ്റ് ഇക്കുറി കൂട്ടിയിട്ടുണ്ട്. 172 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ ഒക്ടോബര്‍ വരെ സമയമുണ്ടായിരുന്നെങ്കിലും കാര്‍ണി നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയാല്‍ ലിബറല്‍ പാര്‍ട്ടിക്ക് അത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നടപടി. കാനഡയെ യുഎസിനോട് കൂട്ടിച്ചേര്‍ക്കാനുള്ള ട്രംപിന്റെ നീക്കത്തോടും കാനഡയ്ക്കെതിരായ തീരുവ വര്‍ധനകളും വോട്ടാക്കി മാറ്റാനാണ് ലിബറല്‍ പാര്‍ട്ടിയുടെ ശ്രമം.
ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലിബറല്‍ പാര്‍ട്ടി പരാജയപ്പെടുമെന്നായിരുന്നു സര്‍വേഫലങ്ങള്‍. മാര്‍ച്ചില്‍ പിരിച്ചുവിട്ട പാര്‍ലമെന്റില്‍ ലിബറുകള്‍ക്ക് 152 സീറ്റും കണ്‍സര്‍വേറ്റീവുകള്‍ക്ക് 120 സീറ്റുമാണ് ഉണ്ടായിരുന്നത്. 24 സീറ്റുള്ള ജഗ്മീത് സിങ്ങിന്റെ ന്യൂഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ലിബറല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ട്രൂഡോ രാജിവച്ചതോടെ ആ സ്ഥാനത്തേക്ക് മുന്‍ കേന്ദ്രബാങ്ക് ഗവര്‍ണറായ കാര്‍ണി എത്തിയതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.



