കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിനിടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ വാക്കുകളുടെ കോളിളക്കത്തില്‍ തന്നെയാണ് മലയാള സിനിമ വ്യവസായം. ലിസ്റ്റിന്‍ സ്റ്റീഫന്‍ പേരു വെളിപ്പെടുത്താതെ കുറ്റപ്പെടുത്തിയ നടന്‍ നിവിന്‍ പോളിയാണെന്നും അതിനെ ചുറ്റിപ്പറ്റിയ വാര്‍ത്തകളും ചൂടപ്പം പോലെ പ്രചരിക്കുന്നുമുണ്ട്. ലിസ്റ്റിന്‍ പേര് പറഞ്ഞില്ലെങ്കിലും എന്തും ചികഞ്ഞ് കണ്ടു പിടിക്കാനുള്ള പ്രവണതയുള്ള മാധ്യമങ്ങള്‍ ലിസ്റ്റിന്റെ വാക്കുകള്‍ ആദ്യം പ്രചരിപ്പിച്ചു, അതിന് പിന്നാലെ ആ നടനെ തിരഞ്ഞുള്ള പാച്ചിലായി. അങ്ങനെ അവസാനം ആ നടന്റെ പേരും മാധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തി. അതോടൊപ്പം ലിസ്റ്റിന്‍ നിവിന്‍ പോളിയെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അണ്‍ ഫോളോ ചെയ്‌തെന്നത് കൂടിയായപ്പോള്‍ നിവിന്‍ പോളി തന്നെയാണ് ആ നടനെന്ന കാര്യം ആണിയടിച്ച് ഉറപ്പിച്ചു. അതിനിടയില്‍ ലിസ്റ്റിന്റേത് കച്ചവട തന്ത്രമാണെന്നും ഇറങ്ങാനിരിക്കുന്ന അടുത്ത പടത്തിനായുള്ള മാര്‍ക്കറ്റിങ് ഇപ്പോഴേ തുടങ്ങിയതാണെന്നുമുള്ള കമന്റുകള്‍ക്കും ഒരു ക്ഷാമവുമില്ല.
കാക്കനാട് നടന്ന ‘ബേബി ഗേള്‍’ സിനിമയുടെ ചിത്രീകരണത്തിനിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും സെറ്റില്‍ നിന്ന് നിവിന്‍ പോളി ഇറങ്ങിപ്പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ‘ബേബി ഗേള്‍’ എന്ന ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അദ്ദേഹം പിന്മാറിയപ്പോഴാണ് നിവിന്‍ സിനിമയിലേക്ക് എത്തുന്നത്.
വാര്‍ത്തക്ക് പിന്നാലെ സംവിധായകന്‍ അരുണ്‍ വര്‍മ്മയെ സമീപിച്ചപ്പോള്‍ അരുണ്‍ വര്‍മ്മ പറഞ്ഞത് ബേബി ഗേളി’ന്റെ സെറ്റില്‍ നിന്നും
നായകനായ നിവിന്‍ പോളി ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ്. തന്റെ ചിത്രത്തിലെ നിവിന്റെ സീനുകളില്‍ മുക്കാല്‍ ഭാഗവും തീര്‍ത്തുകഴിഞ്ഞെന്നും ബാക്കിയുള്ളതിന്റെ ഷൂട്ടിങ് ഉടന്‍ തന്നെ തുടങ്ങുമെന്നും അരുണ്‍ വര്‍മ പറഞ്ഞു.
എന്നാല്‍ ഈ വിഷയങ്ങളില്‍ നിര്‍മ്മാതാവായിരുന്ന സാന്ദ്ര തോമസ് ഒഴികെ മറ്റാരും പ്രതികരിച്ചതും ശ്രദ്ധയില്‍ പെട്ടില്ല. മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടു നില്‍ക്കരുത് പ്ലീസ്, അപേക്ഷയാണ് എന്നു പറഞ്ഞ് കൊണ്ടാണ് സാന്ദ്ര തന്റെ അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ചത്.
തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന്‍ സ്റ്റീഫന്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു.
ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെട്ടയാളാണെന്നും. അടുത്ത തിരഞ്ഞെടുപ്പില്‍ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടേ…
മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്ന താല്‍പര്യം അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്.കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ നടത്തിയ ഭീഷണിപ്രസംഗവും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടുത്തകാലത്ത് സിനിമയുടെ ലാഭനഷ്ട കണക്കുകള്‍ പുറത്തുവിടുന്നതും ഇത്തരമൊരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്.
തിയറ്ററുകളില്‍ നിന്നു ലഭിക്കുന്ന പണത്തിന്റെ മാത്രം കണക്കു പുറത്തുവിട്ട് മലയാള സിനിമാ വ്യവസായം നഷ്ടമാണെന്നു വരുത്തി തീര്‍ത്ത് മലയാള സിനിമയില്‍ നിന്നു നിക്ഷേപകരെ അകറ്റുന്ന നടപടിയാണു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇപ്പോള്‍ ചെയ്യുന്നത്.
ആര്‍ക്കാണ് ഇതുകൊണ്ടു നേട്ടം?
ഒപ്പം ലിസ്റ്റിനൊരു മുന്നറിയിപ്പെന്നോണം സാന്ദ്ര പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ് ‘ലിസ്റ്റിന്റെ ഇപ്പോഴത്തെ ഗൂഢനീക്കങ്ങള്‍ അദ്ദേഹത്തിനു താല്‍ക്കാലിക ലാഭമുണ്ടാക്കാന്‍ സഹായകരമായിരിക്കും. പക്ഷെ ലിസ്റ്റിന്‍ ഒന്ന് ഓര്‍ക്കണം ലിസ്റ്റിന്‍ മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന ‘പലിശ കുത്തകകള്‍’ കാര്യം നടന്നു കഴിഞ്ഞാന്‍ നിങ്ങളെയും വിഴുങ്ങും.
അപ്പോഴേക്കും മലയാള സിനിമയുടെ ഇപ്പോഴത്തെ നിര്‍മാതാക്കള്‍ക്കു വംശനാശം സംഭവിച്ചിരിക്കും.’
ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവര്‍ത്തികളിലും ഒരു ഒറ്റുകാരന്റെ കൊതിയും കിതപ്പും കാണുന്നുണ്ടെന്നും സാന്ദ്ര പറഞ്ഞു
ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്വയം തിരുത്താനും മലയാള സിനിമ വ്യവസായത്തിന്റെയും നാടിന്റെയും നന്മയ്ക്കു വേണ്ടി നിലകൊള്ളാനും ശ്രമിക്കണമെന്നും പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ സാന്ദ്ര തന്റെ വാക്കുകള്‍ ആരും തെറ്റിദ്ധരിക്കരുതെന്നും തീര്‍ത്തും നല്ല ഉദ്ദേശ്യത്തോടെയുമാണ് പറഞ്ഞതെന്നും കുറിച്ചു.
സാന്ദ്ര വെറുമൊരു സ്ത്രീയല്ല സിനിമ വ്യവസായം എന്തെന്ന് അറിഞ്ഞ് കൊടുത്തും കൊണ്ടും വളര്‍ന്നു വന്ന പവര്‍ഫുള്‍ ലേഡിയാണ് അതുകൊണ്ട് തന്നെയാണ് അവരുടെ വാക്കുകള്‍ക്ക് ഇത്ര മൂര്‍ച്ച തോന്നുന്നതും.
ഇതുകൂടി കൂട്ടി വായിക്കുമ്പോള്‍ ഞാന്‍ മുകളില്‍ പറഞ്ഞ കാര്യം ഒരു സംശയമായി നിലനില്‍ക്കുകയാണ്. ഈ വിഷയത്തില്‍ മലയാള സിനിമയിലെ ഒരു പേരു കേട്ട നിര്‍മ്മാതാവ് ഒരു പരസ്യ പ്രസ്ഥാവന നടത്തിയിട്ട് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആരുമെന്തേ ഇതുവരെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു ചെറുവിരല്‍ പോലും അനക്കാത്തത്.?






