തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ പേവിഷ മരണങ്ങളിൽ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങി ആരോഗ്യവകുപ്പ്. വിഷയത്തിൽ പുറത്തുനിന്നുള്ള വിദഗ്ധരെയടക്കം ഉൾപ്പെടുത്തി ഓരോ കേസുകളും പ്രത്യേകം പരിശോധിക്കാനാണ് ആലോചന. നാല് കുട്ടികളുൾപ്പടെ നാല് മാസത്തിനുള്ളിൽ 14 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.
തെരുവുനായ ശല്യത്തിൽ അടിയന്തര നടപടികൾ സ്വീകരണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെടും. കൊല്ലം സ്വദേശിയായ ഏഴ് വയസ്സുകാരിയുടെ മരണത്തിന് പിന്നാലെ ആരോഗ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഓരോ മരണങ്ങളിലും, പ്രത്യേകിച്ച് കുട്ടികളുടെ മരണങ്ങളിൽ സമഗ്ര പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്.






