കൊച്ചി: പുലിപ്പല്ല് കേസിൽ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർക്കെതിരെയുള്ള നടപടിയിൽ പ്രതികരിച്ച് റാപ്പർ വേടൻ. സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്ന് വേടൻ പറഞ്ഞു. ഇനിയും താൻ പ്രതികരിച്ചാൽ കുടുതൽ വിവാദങ്ങളുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വേടൻ പ്രതിയായ പുലിപ്പല്ല് കേസിൽ മെയ് ആറാം തീയതിയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അധീഷിനെ സ്ഥലം മാറ്റിക്കൊണ്ട് വനംവകുപ്പ് ഉത്തരവിറക്കിയത്.’അധീഷിനെതിരായ നടപടി സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ മാത്രം അഭിപ്രായമാണ്. ഞാൻ ചെയ്ത ജോലിക്ക് എനിക്ക് കിട്ടുന്ന സാധനങ്ങളാണ് ഈ വേട്ടയാടൽ. അത് ജീവിതകാലം മുഴുവൻ ഉണ്ടാകും. ഇത് നിരന്തരമായി ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഇത് എനിക്ക് ശീലമായി മാറിയിരിക്കുന്നു. എന്തെങ്കിലും പറഞ്ഞാൽ വിവാദമാകും. കുറച്ച് ദിവസം കൂടി മര്യാദയ്ക്ക് ജീവിക്കട്ടെ’; വേടൻ പറഞ്ഞു.
അതേസമയം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയിൽ വനം മന്ത്രിക്കെതിരെ കേരള ഫോറസ്റ്റ് റേഞ്ച് ഓഫീസേഴ്‌സ് അസോസിയേഷൻ. വനം മന്ത്രി ഉദ്യോഗസ്ഥരെ ക്രൂശിക്കുന്നുവെന്നും നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി മുൻപോട്ട് പോകുമെന്നും അസോസിയേഷൻ അറിയിച്ചു. കൂടാതെ മെയ് 12 ന്കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതായും അസോസിയേഷൻ പറഞ്ഞു.





