ന്യൂഡല്‍ഹി: ചൈനീസ് ഉടമസ്ഥതയിലുള്ള യാത്രാ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസ്മൈ ട്രിപ്പ്. ഇത്തരം യാത്രാ പ്ലാറ്റ്ഫോമുകള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി യാത്രക്കാരുടെ പാസ്പോര്‍ട്ട് ഡേറ്റ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ഈസ്‌മൈ ട്രിപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ നിഷാന്ത് പിറ്റി എക്സില്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള, ഈസ്മൈ ട്രിപ്പിന്റെ സിഇഒയും സഹസ്ഥാപകനുമായ റികാന്ത് പിറ്റിയുടെ കുറിപ്പിനെ നിഷാന്ത് പിറ്റി പിന്തുണച്ചു. ‘പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം, പലരും മൗനം പാലിച്ചപ്പോള്‍, പാകിസ്ഥാന് തുറന്ന പിന്തുണ നല്‍കിയ തുര്‍ക്കിക്കും അസര്‍ബൈജാനും എതിരെ ആദ്യമായി യാത്രാ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത് ഞങ്ങളായിരുന്നു.ഈ രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി’- റികാന്ത് പിറ്റിയുടെ കുറിപ്പ്. ‘ഇന്ത്യന്‍ കമ്പനി എന്ന നിലയില്‍ അഭിമാനിക്കുന്ന ഞങ്ങള്‍, ഇന്ത്യന്‍ യാത്രക്കാരുടെ സുരക്ഷയും വികാരങ്ങളുമാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ എപ്പോഴും നയിച്ചിട്ടുള്ളത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മറ്റു പല യാത്രാ പ്ലാറ്റ്‌ഫോമുകളും കമ്പനികളും ഇപ്പോള്‍ സമാനമായ നിലപാടുകള്‍ സ്വീകരിക്കുന്നത് കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ കൂട്ടായ ഉത്തരവാദിത്തത്തിന്റെ ഒരു നല്ല അടയാളമാണിത്. ഞങ്ങള്‍ക്ക്, ഇത് ഒരു മുദ്രാവാക്യമല്ല. ഇത് ഞങ്ങളുടെ തത്വമാണ്. ആദ്യം രാഷ്ട്രം. പിന്നീട് ബിസിനസ്സ്. ആദ്യം ഇന്ത്യയെ കണ്ട് ഉത്തരവാദിത്തമുള്ള യാത്രാ തീരുമാനങ്ങളെ പിന്തുണച്ചതിന് വീണ്ടും നന്ദി,’- റികാന്ത് പിറ്റി കുറിച്ചു.






