മുംബെെ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് കാരണം പുറത്ത്. ബിസിസിഐയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനമെന്നാണ് പുറത്ത് വരുന്ന വിവരം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ ബിസിസിഐ താരങ്ങൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളാണ് വിരാടിനെ പ്രകോപിപ്പിച്ചത്.
പുതിയ പെരുമാറ്റ ചട്ടം അനുസരിച്ച് 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പരമ്പരകളിൽ മാത്രമേ താരങ്ങൾക്ക് പങ്കാളിയെയും മക്കളേയും കൂടെ നിർത്താൻ പറ്റൂ. എന്നാൽ ഇത് രണ്ടാഴ്ചയിൽ കൂടുതലാവരുത്. പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും പങ്കെടുക്കുമ്പോള്‍ യാത്രനിയന്ത്രണങ്ങളും ഉണ്ടായിരുന്നു.
ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. ബിസിസിഐയുടെ ഈ പുതിയ നിയന്ത്രണത്തിൽ കോഹ്‌ലി അതൃപ്തനായിരുന്നു.
ബിസിസിഐയുടെ പുതിയ നിയന്ത്രണത്തിനെതിരെ പരോക്ഷ പ്രതികരണവും ആ സമയത്ത് താരം നടത്തിയിരുന്നു. അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പര രണ്ടുമാസം നീണ്ടുനിൽക്കുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് വിരാടിന്റെ പടിയിറക്കമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.






