കൊല്ലം: വേടനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ. ആർ മധുവിനെതിരെ പരാതി നൽകി ഡി .വൈ.എഫ്. ഐ. കൊല്ലം റൂറൽ ജില്ലാ മേധാവിക്കാണ് പരാതി നൽകിയത്. മധുവിൻ്റെ പ്രസംഗം വംശീയ- ജാതീയ അധിക്ഷേപമെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നാണ് പരാതി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹനാണ് പരാതി നൽകിയത്.
ദളിത് ആക്രോസിറ്റി നിയമപ്രകാരം മധുവിൻ്റെ പ്രസംഗത്തിന് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഡി വൈ എഫ് ഐ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും മധു പറഞ്ഞു. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിൽ മധു പ്രസംഗിച്ചത്. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു.






