തിരുവനന്തപുരം: ദളിത് യുവതിക്കെതിരായ പോലീസ് അതിക്രമത്തിൽ പേരൂർക്കട എസ് ഐ പ്രസാദിന് സസ്‌പെൻഷൻ. ആഭ്യന്തരവകുപ്പാണ് ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ എസ് ഐയെ സസ്‌പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കന്റോൺമെന്റ് എസിപിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.
ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. താൻ മോഷ്ടിച്ചിട്ടില്ലെന്ന് പോലീസുകാരുടെ കാലുപിടിച്ചു പറഞ്ഞിട്ടും എസ്ഐയും സംഘവും ദളിത് സ്ത്രീക്ക് മുന്നില്‍ അധികാരം പ്രയോഗിച്ചുവെന്നാണ് കണ്ടെത്തൽ.
അതേസമയം പോലീസുകാരനെതിരെയുള്ള നടപടിയിൽ സന്തോഷമുണ്ടെന്ന് ബിന്ദു പ്രതികരിച്ചു. വ്യാജ കേസ് നൽകിയ വീട്ടുടമയ്‌ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എസ് ഐ ക്ക് പുറമെ ഒരു എ എസ് ഐ യും മറ്റൊരു പോലീസുകാരനും തന്നെ മാനസികമായി ഉപദ്രവിച്ചുവെന്നും ബിന്ദു പറഞ്ഞു. കുടിക്കാൻ വെള്ളം നൽകാതെ 20 മണിക്കൂറോളമാണ് സ്റ്റേഷനിൽ തന്നെ പിടിച്ചിരുത്തിയതെന്ന് യുവതി പറഞ്ഞു.






