കൊച്ചി: ഓൺലൈൻ ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോ സൗജന്യ ഡെലിവറി ലഭിക്കുന്നതിനുള്ള കുറഞ്ഞ ഓർഡർ തുക ഉയർത്തി. നേരത്തെ ₹149 രൂപയുടെ സാധനങ്ങൾ വാങ്ങിയാൽ സൗജന്യ ഡെലിവറി ലഭിച്ചിരുന്നെങ്കിൽ, ഇനി കുറഞ്ഞത് ₹199 രൂപയുടെ ഓർഡർ നൽകണം. ഇതോടെ ചെറിയ ഓർഡറുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് അധിക തുക നൽകേണ്ടിവരും.
₹199ൽ താഴെയുള്ള ഓർഡറുകൾക്ക് നിലവിൽ ₹30 ഡെലിവറി ചാർജാണ് സെപ്‌റ്റോ ഈടാക്കുന്നത്. അതായത്, ₹49 വിലയുള്ള ഒരു സാധനം മാത്രം ഓർഡർ ചെയ്താൽ ഡെലിവറി ചാർജ് ഉൾപ്പെടെ ₹79 നൽകേണ്ടിവരും. അധിക ഡെലിവറി ഫീസ് ഒഴിവാക്കാൻ ഉപഭോക്താക്കൾ കൂടുതൽ സാധനങ്ങൾ ഒരുമിച്ച് വാങ്ങേണ്ട സാഹചര്യമാണുള്ളത്.
കഴിഞ്ഞ വർഷമാണ് സെപ്‌റ്റോ സൗജന്യ ഡെലിവറിക്കുള്ള പരിധി ₹99ൽ നിന്ന് ₹149 ആയി ഉയർത്തിയത്. ഇപ്പോൾ വീണ്ടും പരിധി ₹199 ആക്കിയിരിക്കുകയാണ്. എതിരാളികളായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും ബ്ലിങ്കിറ്റും സമാനമായ ഓർഡർ പരിധിയാണ് സൗജന്യ ഡെലിവറിക്ക് ഈടാക്കുന്നത്.
തിരക്കേറിയ സമയങ്ങളിൽ സൗജന്യ ഡെലിവറിക്കുള്ള കുറഞ്ഞ ഓർഡർ പരിധി ₹299 വരെയായി ഉയരാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓരോ ഓർഡറിൽ നിന്നുമുള്ള വരുമാനം വർധിപ്പിച്ച് സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് സെപ്‌റ്റോയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ട് പ്രകാരം, തിരഞ്ഞെടുത്ത നഗരങ്ങളിലും പിന്‍കോഡുകളിലുമാണ് പുതിയ മാറ്റം നടപ്പാക്കിയിരിക്കുന്നത്. ചെറിയ ഓർഡറുകൾ നടത്തുന്ന ഉപഭോക്താക്കൾ ഡെലിവറി ചാർജ് ഒഴിവാക്കുന്നതിനായി കൂടുതൽ സാധനങ്ങൾ ഒരുമിച്ച് വാങ്ങാൻ ഇത് പ്രേരിപ്പിച്ചേക്കാം. അതേസമയം, ചെറിയ ആവശ്യങ്ങൾക്കായി ക്വിക് കൊമേഴ്‌സ് സേവനങ്ങളെ ആശ്രയിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ നിരക്ക് തിരിച്ചടിയായേക്കുമെന്നും വിലയിരുത്തലുണ്ട്.


