തിരുവനന്തപുരം: ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി.ഇ.ടി) എൻഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചു. പരിപാടിയിൽ വന്ദേമാതരം ആലപിക്കുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ എസ്എഫ്ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിച്ചു.
പരിപാടിയുടെ റിവ്യൂ പറയാൻ നാല് വിദ്യാർഥികളെ വേണമെന്നും അതിൽ രണ്ട് പേർ തട്ടമിട്ട മുസ്ലിം വിദ്യാർഥിനികളായിരിക്കണമെന്നും എൻഎസ്എസ് അധികൃതർ നിർബന്ധിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജുകളിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു.



