മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ ജാതിഅധിക്ഷേപം നേരിട്ടെന്ന വിദ്യാർഥിയുടെ പരാതിയിൽ പ്രതികരണവുമായി വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ്. വിഷയത്തിൽ സർവകലാശാലയ്ക്ക് ഒന്നും ഒളിക്കാനില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്റി റാഗിംഗ് സെല്ലിന്റെയും എസ്.സി.-എസ്.ടി. സെല്ലിന്റെയും അന്വേഷണ റിപ്പോർട്ടുകൾ സിൻഡിക്കേറ്റ് അംഗീകരിച്ചതായി വി.സി. അറിയിച്ചു. രണ്ട് റിപ്പോർട്ടുകളിലും ഗവേഷക വിദ്യാർഥിനി അനഘ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നാണ് സർവകലാശാലയുടെ നിലപാട്.
അതേസമയം, വിദ്യാർഥിയുടെ പരാതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി സർക്കാരിനോട് ആവശ്യപ്പെടുമെന്നും വി.സി. വ്യക്തമാക്കി.
എറണാകുളം സ്വദേശിയായ ഗവേഷക വിദ്യാർഥിനി അനഘ ശശിയാണ് നേരത്തെ സർവകലാശാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ജാതിഅധിക്ഷേപം നേരിട്ടെന്ന പരാതിയിൽ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് അനഘ സമരം ആരംഭിച്ചിരുന്നു. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിർത്തണമെന്നും വിദ്യാർഥിനി ആവശ്യപ്പെട്ടിരുന്നു.
നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അനഘ വ്യക്തമാക്കിയിരുന്നു.




