കൊച്ചി: നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിനെ രാഹുൽ മാങ്കൂട്ടം സന്ദർശിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ സന്ദർശിച്ച രാഹുലിന്റെ നടപടി തള്ളി സതീശൻ. പാർട്ടി അറിഞ്ഞിട്ടില്ല കൂടിക്കാഴ്ച നടത്തിയത്. അൻവറുമായുള്ള ചർച്ചയുടെ വാതിൽ ഇന്നലെ ഞങ്ങൾ അടച്ചതാണ്. അതിനായി ആരെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല. അനുനയത്തിന് ജൂനിയർ എംഎൽഎ യെ ആരെങ്കിലും ചുമതലപ്പെടുത്തുമോ എന്ന് സതീശൻ ചോദിച്ചു.
അതേസമയം പാര്‍ട്ടിയുടെ അനുമതിയോടെയാണോ അന്‍വറിന്റെ വീട്ടില്‍ പോയതെന്ന ചോദ്യത്തിന്, പാര്‍ട്ടി അത്തരത്തില്‍ ചുമതലപ്പെടുത്തേണ്ട അത്ര ഗ്രേഡിലുള്ള ആളല്ല താനെന്ന് മാങ്കൂട്ടത്തില്‍ മറുപടി പറഞ്ഞിരുന്നു. അതിന് കുറെക്കൂടി മുതിര്‍ന്ന ആളുകള്‍ പാര്‍ട്ടിയിലുണ്ട്. തന്നെ ഒരാളും ചുമതലപ്പെടുത്തിയിട്ടില്ല. പിണറായിസത്തിനെതിരേ സംസാരിച്ചു തുടങ്ങിയതു മുതല്‍ അന്‍വറുമായി പരിചയമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനമെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു.






