ഇടുക്കി: കുടുംബ വഴക്കിനിടെ ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിലാണ് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയത്. മാങ്കുളം താളുംകണ്ടം ട്രൈബൽ സെറ്റിൽമെന്റിലെ മിനി(39) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രഘു തങ്കച്ചനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 90% പൊള്ളലേറ്റ് മിനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മക്കളില്ലാത്തതിനാൽ ദമ്പതികൾ മാത്രമാണു വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 9നു മദ്യലഹരിയിലെത്തിയ രഘു ഭാര്യയുമായി വഴക്കുണ്ടാകുകയും വീട്ടിലിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു. ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച ശേഷം ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.






