അസം, അരുണാചൽ പ്രദേശ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബത്തിന് ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദുരിതബാധിതരെ കഴിയുന്നത്ര സഹായിക്കാൻ താൻ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു എന്നും പ്രിയങ്ക എക്സിലിൽ കുറിച്ചു.
“അസം, അരുണാചൽ പ്രദേശ് എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് മരണമടഞ്ഞ വാർത്തകൾ അങ്ങേയറ്റം ദുഃഖകരമാണ്. ലക്ഷക്കണക്കിന് ആളുകൾ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലാണ്. ദൈവം എല്ലാവരെയും സംരക്ഷിക്കട്ടെ. കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അഭ്യർത്ഥിക്കുന്നു, അതുവഴി ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ദുരിതബാധിതരെ കഴിയുന്നത്ര സഹായിക്കാൻ ഞാൻ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു,” പ്രിയങ്ക എക്സിൽ കുറിച്ചു.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തുടനീളം തുടരുന്ന മഴയെത്തുടർന്നുണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം എക്സ് ഗ്രേഷ്യ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.കൂടാതെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ ഈ മാസം 4 വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






