തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അറിയിച്ചു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച നടക്കും. അതേ വേദിയിൽ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് യോഗത്തിന് ശേഷമാണ് അടൂർ പ്രകാശിന്റെ പ്രതികരണം.
“ഇന്ന് ഔദ്യോഗിക യുഡിഎഫ് യോഗം മാത്രമാണ് ചേർന്നത്. ശനിയാഴ്ച വീണ്ടും യോഗം ചേരുകയും മന്ത്രിസഭാ കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയും ചെയ്യും. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിക്കൊപ്പം യുഡിഎഫിലെ വിവിധ നേതാക്കൾക്കും സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം ഉണ്ടാകും. പൂർണ മന്ത്രിസഭയെക്കുറിച്ചുള്ള വിശദാംശങ്ങൾ ശനിയാഴ്ച അറിയിക്കാം,” എന്ന് അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം, മന്ത്രിസഭാ ചർച്ചകൾ തുടരുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.
“നിയുക്ത മുഖ്യമന്ത്രി എറണാകുളത്തേക്ക് പോയിട്ടുണ്ട്. യുഡിഎഫ് നേതാക്കൾ എല്ലാവരും എത്തിക്കൊണ്ടിരിക്കുകയാണ്. സാദിഖലി തങ്ങളടക്കമുള്ളവർ രാത്രി എത്തും. ഇന്ന് ഔദ്യോഗിക തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. നാളെ വീണ്ടും ചർച്ച നടത്തിയതിന് ശേഷമേ കാര്യങ്ങളിൽ വ്യക്തത വരൂ. കൂടുതൽ വിവരങ്ങൾ നാളെ മാധ്യമങ്ങളുമായി പങ്കുവെക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്,” എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.




