തിരുവനന്തപുരം: തിരെഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും വിമര്‍ശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്നും മണ്ഡലം ശ്രദ്ധിച്ചവര്‍ വിജയിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗത്തില്‍ പറഞ്ഞു. കഴക്കൂട്ടവും ചാത്തന്നൂരും അതിന് ഉദാഹരണമാണ്. മണ്ഡലങ്ങള്‍ മാറിമാറി മത്സരിക്കുന്നതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ക്രൈസ്തവ സഭക്കെതിരായ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും നേരെയും വിമര്‍ശനം ഉയര്‍ന്നു. പരാമര്‍ശം അനവസരത്തിലാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വിഹിതം കൂടിയെന്നും യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ട്. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എസ് സുരേഷിനെതിരെയും കോര്‍ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സംഘടന കാര്യങ്ങള്‍ അറിയിക്കുന്നില്ലയെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പടെ ഏകപക്ഷീയമായി നടത്തിയെന്നുമാണ് വിമര്‍ശനം. പാലക്കാടും തൃശ്ശൂരും വോട്ടുചോര്‍ച്ച പരിശോധിക്കുമെന്നും കോര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കി.




