ന്യൂഡൽഹി: ജൂൺ 15-ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാനാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷയുടെ പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ക്രമീകരണങ്ങൾ പൂർത്തിയായില്ലെങ്കിൽ പരീക്ഷാ തിയതി നീട്ടിവെക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പരീക്ഷ രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റിൽ നടത്താൻ തീരുമാനിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. രണ്ട് പരീക്ഷകളാകുമ്പോൾ ചോദ്യങ്ങൾ വ്യത്യസ്തമാകും. വിദ്യാർത്ഥികൾക്ക് തുല്യ അവസരം കിട്ടില്ലെന്നായിരുന്നു പരാതി. ഇത്ര പ്രധാനപ്പെട്ടൊരു പരീക്ഷയ്ക്ക് സുതാര്യത വേണമെന്നും ഒന്നിച്ചു നടത്തണം എന്നുമായിരുന്നു ഹർജികളിലെ ആവശ്യം.
ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കുമാർ, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടിരുന്നത്. ജൂൺ 15-ന് പരീക്ഷ നടത്തി ജൂലൈ 15-ന് ഫലം പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ മതിയായ കേന്ദ്രങ്ങളില്ലെന്നാണ് എൻബിഎ വാദിച്ചിരുന്നത്. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.
ഇത്രയും സാങ്കേതികമായി പുരോഗതി കൈവരിച്ച ഒരു രാജ്യത്ത് പരീക്ഷ നടത്താൻ മതിയായ കേന്ദ്രങ്ങളില്ലെന്ന എൻബിഎയുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. പരീക്ഷയ്ക്ക് രണ്ടാഴ്ച്ചയിലധികം സമയമുണ്ടെന്നും ക്രമീകരണങ്ങൾ പൂർത്തിയാക്കി നീതിയുക്തമായി പരീക്ഷ നടക്കുമെന്ന് ഉറപ്പാക്കാൻ എൻബിഎയ്ക്ക് ഇനിയും സമയമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.






