ന്യൂഡൽഹി: സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയപാത 66ൻ്റെ നിർമാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകി. ഡൽഹിയിൽ ഇന്നു ചേർന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. ഡൽഹിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലാണ് ചർച്ച നടന്നത്. ദേശീയപാതയുടെ സ്ഥലം ഏറ്റെടുക്കലിനായി സംസ്ഥാനം ചെലവഴിച്ച തുക, കേരളത്തിൻ്റെ കടമെടുക്കൽ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും ഗഡ്കരി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.
ദേശീയപാത നിർമ്മാണത്തിൻ്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാർ നൽകിയ തുക, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഇടപെടണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദേശീയ പാത ഉദ്യോഗസ്ഥർ കേരളത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും പുറമെ സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സംസ്ഥാനത്തിൻ്റെ ദില്ലിയിലെ സ്പെഷ്യൽ ഓഫീസർ പ്രൊഫ.കെ വി തോമസ് എന്നിവർ പങ്കെടുത്തു.
എൻഎച്ച് തകർന്നതിൽ കേന്ദ്രം എടുത്ത നടപടികൾ മുഖ്യമന്ത്രിയോട് ഉദ്യോഗസ്ഥ സംഘം വിശദീകരിച്ചു. കൂരിയാട് ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.




