ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി സര്‍ക്കാര്‍ തുടര്‍ച്ചയായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ നടപടികളുടെ ഭാഗമായി നവംബര്‍ 1 മുതല്‍ ഇലക്ട്രിക്, സിഎന്‍ജി, ബിഎസ്6 വാണിജ്യ വാഹനങ്ങള്‍ മാത്രമേ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ എന്ന പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍. പുതുതായി ആരംഭിച്ച വായു മലിനീകരണ ലഘൂകരണ പദ്ധതി 2025 ന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി പ്രധാന ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ 2,299 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വിന്യസിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങളെ തിരിച്ചറിയുന്നതിനും അവ നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുമായി എല്ലാ പ്രവേശന കവാടങ്ങളിലും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് രജിസ്‌ട്രേഷന്‍ (ANPR) തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. ഇതിനായി എല്ലാ പെട്രോള്‍ പമ്പുകളിലും ഈ ക്യാമറകള്‍ സ്ഥാപിക്കും എന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
പുതിയ പദ്ധതി പ്രകാരം, ഡല്‍ഹിയില്‍ ക്ലൗഡ് സീഡിംഗ് വഴി ആദ്യത്തെ കൃത്രിമ മഴ പെയ്യിക്കും. കാണ്‍പൂര്‍ ഐഐടിയുടെ സഹായത്തോടെ നടത്തുന്ന ഒരു പൈലറ്റ് പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കൂടാതെ, മലിനീകരണ ഹോട്ട്സ്പോട്ടുകളില്‍ മിസ്റ്റ് സ്പ്രേയറുകള്‍ വിന്യസിക്കും. എല്ലാ ബഹുനില കെട്ടിടങ്ങളിലും പുകമഞ്ഞിനെതിരെയുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കും.
കൂടാതെ ഡല്‍ഹിയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജനങ്ങള്‍ക്ക് സബ്സിഡി നല്‍കുമെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. വ്യക്തിഗത വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും വൈദ്യുത വാഹനങ്ങളാക്കി മാറ്റുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ പുതിയ വൈദ്യുത വാഹന നയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും അതിനായി അവര്‍ക്ക് സബ്സിഡി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വായു മലിനീകരണം വര്‍ഷം മുഴുവനും നിലനില്‍ക്കുന്ന ഒരു പ്രശ്‌നമാണെന്നും തുടര്‍ച്ചയായ ശ്രമങ്ങള്‍ ആവശ്യമാണെന്നും റോഡുകളിലെ പൊടി നിയന്ത്രിക്കാന്‍ വര്‍ഷം മുഴുവനും 1000 വാട്ടര്‍ സ്പ്രിംഗളറുകള്‍ അവരുടെ സര്‍ക്കാര്‍ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ പ്രധാന മാറ്റത്തെ പിന്തുണയ്ക്കുന്നതിനായി നഗരത്തിലുടനീളം 18,000 വൈദ്യുത വാഹന ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കും . മാളുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ, ബസ് സ്റ്റേഷനുകള്‍, മുനിസിപ്പല്‍ സ്ഥാപനങ്ങളും സ്വകാര്യ ഓപ്പറേറ്റര്‍മാരും പരിപാലിക്കുന്ന വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ഇവ സ്ഥാപിക്കുക. നിലവിലുള്ള വൈദ്യുത വാഹന അടിസ്ഥാന സൗകര്യങ്ങളുടെ ഒരു ഓഡിറ്റും പരിഗണനയിലുണ്ട്, വരും മാസങ്ങളില്‍ നവീകരണങ്ങളും വിപുലീകരണങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.






