മലപ്പുറം: ദേശീയപാത നിർമ്മാണത്തിൽ കോടികളുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സി വേണുഗോപാൽ അധ്യക്ഷനായ സമിതി അന്വേഷിക്കുന്നതിൽ എന്താണ് സർക്കാരിന് പ്രശ്നമെന്നും വി ഡി സതീശൻ ചോദിച്ചു. ഹൈവേ നിർമാണം സിബിഐ അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
പാലാരിവട്ടം പാലം ഇടിഞ്ഞു വീഴാതിരുന്നിട്ടും മന്ത്രിയെ വിജിലൻസ് കേസിൽ പെടുത്തി. കേന്ദ്രസർക്കാരിനെയും ബിജെപിയെയും സംസ്ഥാന സർക്കാരിന് പേടിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കൂരിയാട് തകർന്ന പാത പുനർനിർമ്മിക്കാൻ ഒരു വർഷം വേണ്ടി വരും എന്നാണ് ദേശീയപാത അതോറിറ്റി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
അതേസമയം ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്ത് വന്നിരുന്നു. മന്ത്രിക്ക് ആദ്യം തള്ളൽ, പിന്നെ വിള്ളൽ, പ്രതിഷേധം വന്നപ്പോൾ തുള്ളൽ എന്നായിരുന്നു സണ്ണിജോസഫിന്റെ പരിഹാസം. വാദിയെ പ്രതിയാക്കുകയാണ് മന്ത്രി ചെയ്യുന്നതെന്നും എൻഎച്ച് കരാർ മറിച്ച് നൽകിയതിൽ അഴിമതിയുണ്ടെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തിയിരുന്നു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് 1000 കോടിയോളം രൂപയുടെ അഴിമതി ഉണ്ടെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തിയിരുന്നു.






