മലയാളത്തില്‍ നിന്നുള്ള റീ റിലീസുകളില്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങൾക്കാണ്. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ അത്തരത്തില്‍ രണ്ടാം വരവില്‍ പ്രേക്ഷകര്‍ കാര്യമായി കൈയടികള്‍ നൽകിയ ചിത്രങ്ങളാണ്. മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തോടെ മലയാളത്തില്‍ ആരംഭിച്ച റീ റിലീസുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ തന്നെ ചിത്രം ഛോട്ടാ മുംബൈയില്‍ എത്തിനില്‍ക്കുന്നു. മണിച്ചിത്രത്താഴും വല്യേട്ടനും ദേവദൂതനുമൊക്കെ ഇത്തരത്തില്‍ എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ തിയറ്ററുകളില്‍ ഛോട്ടാ മുംബൈയോളം റീ റിലീസില്‍ ആവേശം സൃഷ്ടിച്ച ചിത്രം ഇല്ലെന്ന് പറയേണ്ടിവരും. വലിയ സ്ക്രീന്‍, ഷോ കൌണ്ട് ഇല്ലാതെ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രേക്ഷകാവേശം കാരണം ഷോ കൌണ്ടി വര്‍ധിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ഛോട്ടാ മുംബൈ തരംഗം തീര്‍ക്കുന്നതോടെ മറ്റൊരു ഹിറ്റ് ചിത്രത്തിന്‍റെ റീ റിലീസിന് വേണ്ടിയും സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ത്തുന്നുണ്ട്. ഛോട്ടാ മുംബൈ സംവിധായകന്‍ അന്‍വര്‍ റഷീദ് തന്നെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ രാജമാണിക്യം എന്ന ചിത്രമാണ് അത്.
രാജമാണിക്യം റീ റിലീസ് ചെയ്താല്‍ തിയറ്ററുകളില്‍ വന്‍ വിജയം നേടുമെന്നാണ് അത് ആവശ്യപ്പെടുന്നവര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമായും മമ്മൂട്ടി ആരാധകരാണ് ഈ ക്യാംപെയ്നിന് പിന്നില്‍. രാജമാണിക്യം എത്തിയാല്‍ ഇതുവരെയുള്ള റീ റിലീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുമെന്നും അവകാശപ്പെടുന്ന പോസ്റ്റുകള്‍ എക്സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ എത്തുന്നുണ്ട്.






