മലപ്പുറം: തൊഴിലുറപ്പ് ജോലിക്കിടെ ലഭിച്ച സ്വർണ ലോക്കറ്റ് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഷാജിതയും സംഘവും. എടപ്പാൾ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് സത്യസന്ധത കൊണ്ട് നാട്ടുകാരുടെ പ്രശംസ നേടിയത്.
എടപ്പാൾ തലമുണ്ടയിലെ കാശിപ്പുള്ളി മനയിൽ ജോലിചെയ്യുന്നതിനിടെയാണ് ഷാജിതയ്ക്ക് അരപ്പവൻ തൂക്കമുള്ള സ്വർണ ലോക്കറ്റ് ലഭിച്ചത്. രണ്ടുവർഷം മുമ്പ് മനയിൽനിന്ന് നഷ്ടപ്പെട്ട ആഭരണമായിരുന്നു ഇത്. ലോക്കറ്റ് ലഭിച്ച ഉടൻ ഷാജിത വിവരം വീട്ടുകാരെ അറിയിക്കുകയും ആഭരണം സുരക്ഷിതമായി തിരികെ ഏൽപ്പിക്കുകയും ചെയ്തു.
വിലപിടിപ്പുള്ള ആഭരണം ലഭിച്ചിട്ടും അത് സ്വന്തമാക്കാതെ ഉടമയ്ക്ക് തിരികെ നൽകിയ ഷാജിതയുടെയും സംഘത്തിന്റെയും സത്യസന്ധത നാട്ടുകാർ അഭിനന്ദിച്ചു. തുടർന്ന് വാർഡ് അംഗത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇവരെ പൊന്നാടയണിയിച്ച് ആദരിച്ചു. മലബാർ ഗോൾഡിന്റെ സ്നേഹസമ്മാനവും നൽകി.
അർബൻ ബാങ്ക് ഡയറക്ടർ സി.എം. രാമനുണ്ണി ഷാജിതയെ പൊന്നാടയണിയിച്ച് ആദരിച്ചു. വി.കെ.എ. മജീദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ടി.വി. മിനി, മലബാർ ഗോൾഡ് മാർക്കറ്റിങ് മാനേജർ ടി.കെ. പ്രവീൺ, രതിന്‍, കൃഷ്ണൻ നമ്പൂതിരി, ദീപക് എന്നിവർ ചടങ്ങിൽ സംസാരിച്ചു. തൊഴിലുറപ്പ് ജോലിക്കിടെ ലഭിച്ച ആഭരണം ഉടമയ്ക്ക് തിരികെ നൽകിയ തൊഴിലാളികളുടെ പ്രവൃത്തി സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.




