കോട്ടയം: അപകടത്തില്‍പ്പെട്ട ബസുകള്‍ തിരികെ നിരത്തിലിറങ്ങാന്‍ കാലതാമസം വരുന്നതായി കെഎസ്ആര്‍ടിസി. അപകടത്തിനു ശേഷം നിയമനടപടികളും പണികളും തീര്‍ത്ത് ബസുകള്‍ തിരികെ ഇറക്കുന്നതിന് കോര്‍പ്പറേഷന്‍ സമയക്രമം നിശ്ചയിച്ചു.
നിയമനടപടി പൂര്‍ത്തിയായ ബസുകള്‍ക്ക് ചെറിയ പണികള്‍മാത്രമേ ഉള്ളൂ എങ്കില്‍ മൂന്ന് ദിവസത്തിനകം പൊലീസ്, മോട്ടോര്‍വാഹനവകുപ്പ്, ഇന്‍ഷുറന്‍സ് എന്നിവയുടെ നടപടികളും ഇതിനകം പൂര്‍ത്തിയാക്കി ബസ് ഡിപ്പോയില്‍ മടക്കി എത്തിക്കണം. നിയമനടപടി ഇത്രയും ദിവസത്തിനുള്ളില്‍ തീര്‍ക്കാനായില്ലെങ്കില്‍ വിവരം യൂണിറ്റ് അധികാരികളെയും വിജിലന്‍സ് വിഭാഗത്തെയും അറിയിക്കണം.
വലിയ തകരാറുകള്‍ ഉണ്ടെങ്കില്‍ യൂണിറ്റുതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്തവയാണെങ്കില്‍ നിയമനടപടി കഴിഞ്ഞയുടന്‍ സെന്‍ട്രല്‍/ റീജണല്‍ വര്‍ക്ക് ഷോപ്പില്‍ എത്തിക്കണം. ഈ ബസുകള്‍ വന്നദിവസം തന്നെ പരിശോധിച്ച് പണിതുടങ്ങണം. ചെറിയ പ്രവൃത്തികള്‍മാത്രമെങ്കില്‍, അവ തീര്‍ത്ത് മൂന്ന്-ഏഴ് ദിവസത്തിനുള്ളില്‍ ബസ് മടക്കി അയയ്ക്കണം. വലിയ പണികള്‍ക്ക് 30 ദിവസംവരെ സമയം അനുവദിക്കും. ബസുകള്‍ മടക്കി എത്തിക്കാനുള്ള ചുമതല ഡിപ്പോ മേധാവികള്‍ക്കായിരിക്കും.






