ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വന്‍താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. അടുത്തിടെ സിനിമയില്‍ ആര് മാധവും ഭാഗമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ചിയാന്‍ വിക്രമിനെ ആണെന്നും അദ്ദേഹം നിരസിച്ചതിനെ തുടര്‍ന്നാണ് വേഷം മാധവനിലേക്ക് എത്തിയതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സിനിമയിലെ പ്രധാന വില്ലന്‍ വേഷമായിരുന്നു വിക്രമിനായി രാജമൗലി നല്‍കിയിരുന്നത്. എന്നാല്‍ തന്നെ വില്ലനായി ആരാധകര്‍ ഏറ്റെടുക്കില്ലെന്ന കാരണം പറഞ്ഞാണ് വിക്രം ഈ അവസരം നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ഈ വേഷത്തിനായി മാധവനെ സമീപിച്ചെന്നും നടന് സ്വീകരിച്ചെന്നുമാണ് റിപ്പോട്ടുകള്‍. അധികം വൈകാതെ തന്നെ ഔദ്യോഗിക സ്ഥിരീകരണം എത്തുമെന്നും റിപ്പോട്ടില്‍ പറയുന്നു. നാഷണല്‍ മാധ്യമമായ കോയി മോയ്യും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാര്‍ത്തകള്‍ സത്യമെങ്കില്‍ വിക്രമിന് ഇത് വലിയ നഷ്ടമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം, സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഹൈദരാബാദില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ താരനിരയുള്ള സിനിമയില്‍ ആരൊക്കെ ഈ ഷെഡ്യൂളിന്റെ ഭാഗമാകുമെന്ന സൂചനകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. 2028ലായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക.






