മംഗളൂരു: വിവാഹേതര ബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്നു. ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കടൂർ ടൗണിൽ പ്രദീപ് ആചാരി, സിദ്ധേഷ്, വിശ്വാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടൂർ കോട്ട് ലേ ഔട്ടിൽ താമസിക്കുന്ന മീനാക്ഷിയുടെ ഭർത്താവിനെയാണ് മൂവരും ചേർത്ത് കൊലപ്പെടുത്തിയത്.
കഴിഞ്ഞ മെയ് 31ന് മീനാക്ഷിയുടെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ജൂൺ രണ്ടിന് യുവതിയുടെ ഭർത്താവായ സുബ്രഹ്മണ്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളിലൊരാളായ പ്രദിപ് ആചാരിയും മീനാക്ഷിയും തമ്മിലുള്ള ബന്ധം സുബ്രഹ്മണ്യ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി.






