അഹമ്മദാബാദ്: ഗുജറാത്തിലെ വിമാനദുരന്തം സ്ഥിരീകരിച്ച് എയർ ഇന്ത്യ. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷായുമായും സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവുമായും സംസാരിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായം ഉറപ്പാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടൻ അപകട സ്ഥലത്തേയ്ക്ക് പുറപ്പെടുമെന്ന് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണിൽ സംസാരിച്ചു. അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായും അമിത് ഷാ ആശയവിനിമയം നടത്തി. കേന്ദ്രവും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കേന്ദ്ര വ്യോമയാനമന്ത്രി അഹമ്മദാബാദിലേക്ക് ഉടൻ തിരിക്കുമെന്നാണ് വിവരം.
എഐ 171 വിമാനമാണ് അപകടത്തിൽപെട്ടതെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും എയർ ഇന്ത്യ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പറന്ന വിമാനമാണ് അപകടത്തിൽപെട്ടത്. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജനവാസമേഖലയിലാണ് എയർ ഇന്ത്യയുടെ വിമാനം തകർന്നു വീണത്. രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നാണ് വിവരം. സംഭവസ്ഥലത്ത് വൻതോതിലുള്ള പുകപടലങ്ങൾ പടർന്ന നിലയിലാണ്. വിമാനദുരന്തത്തെത്തുടർന്ന് അഹമ്മദാബാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു.






