സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള”. ഇപ്പോൾ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രം ജൂൺ 27നാണ് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്നത്. പ്രവീൺ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപമ പരമേശ്വരനും മാധവന് സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. ചിത്രത്തിന്റെതായി നേരത്തെ തന്നെ പുറത്ത് ഇറങ്ങിയിരുന്ന മോഷൻ പോസ്റ്ററും ടീസറും ഏറെ അഭിപ്രായം നേടിയിരുന്നു. സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാങാനിരിക്കുന്ന ഒരു മാസ് പ്ലേ ആയിരിക്കും ചിത്രമെന്നും ഫാമിലി ഓഡിയൻസിനെയും യൂത്ത് ഓഡിയൻസിനെയും ഒരുപോലെ സ്വാധീനിക്കാൻ കഴിവുള്ള ഒന്നായിരിക്കും ചിത്രമെന്നുമൊക്കെയാണ് ടീസർ കണ്ട പ്രേക്ഷകർ പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ചിന്താമണി കൊലക്കേസ് എന്ന സിനിമയുമായാണ് പ്രേക്ഷകർ ജെ എസ് കെയെ താരതമ്യം ചെയ്യുന്നത്. ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്. എന്തായാലും ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.









