തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് കുട്ടിയുടെ അമ്മ തന്നെയെന്ന് പ്രതി ഹരികുമാര്‍. കേസിലെ ഏക പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാറാണ് റൂറല്‍ എസ്പിക്ക് മൊഴി നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലിലും പ്രതി ഇത് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഇതോടെ അമ്മ ശ്രീതുവിനേയും ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് അനുമതി തേടി.
ജനുവരി 30നാണ് ദേവേന്ദുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലര്‍ച്ചെയോടെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. അന്വേഷണത്തില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാര്‍ സമ്മതിച്ചിരുന്നു
പെട്ടെന്നുള്ള പ്രകോപനത്തിന്റെ പുറത്താണ് കുട്ടിയെ കൊന്നതെന്നായിരുന്നു പ്രതി ഹരികുമാര്‍ പറഞ്ഞിരുന്നത്. ദേവേന്ദുവിനെ കൊലപ്പെടുത്തിയ ശേഷം മുറിയ്ക്ക് തീയിട്ടു. ശ്രീതുവിനെ വിളിച്ചിട്ട് വരാത്തതിലുള്ള ദേഷ്യത്തിലാണ് കുഞ്ഞിനെ തന്റെ മുറിയിലേക്ക് കൊണ്ടുപോയതെന്നും പ്രതി മൊഴി നല്‍കിയിരുന്നു.
കുഞ്ഞിന്റെ കരച്ചില്‍ പോലും പ്രതി ഹരികുമാറിന് അരോചകമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനം മാത്രമാണോ കൊലയ്ക്ക് കാരണം എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികെയാണ് ഹരികുമാര്‍ മൊഴി മാറ്റി പറയുന്നത്. മൊഴിയില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.






