ന്യൂഡല്‍ഹി: വിവാഹ മോചന കേസുകളില്‍ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന നിര്‍ണായക വിധിയുമായി സുപ്രീം കോടതി. വിവാഹമോചന കേസില്‍ ഭാര്യയുടെ ഫോണ്‍ സംഭാഷണം തെളിവായി ഹാജരാക്കിയത് തള്ളിയ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ വിധി. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
സ്വകാര്യത ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഭര്‍ത്താവ് ഹാജരാക്കിയ ഫോണ്‍ സംഭാഷണം തള്ളിയത്. എന്നാല്‍ ഫോണ്‍ സംഭാഷണം സ്വകാര്യതയുടെ ലംഘനമായി കാണാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിലെ തെളിവായാണ് ഇതു പരിഗണിക്കേണ്ടത്. തെളിവ് നിയമത്തിന്റെ 122ാം വകുപ്പ് അനുസരിച്ച് ഭര്‍ത്താവും ഭാര്യയുമായുള്ള സംഭാഷണം അവര്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ്. എന്നാല്‍ വിവാഹ മോചന കേസിലാണെങ്കില്‍ അതൊരു തെളിവായി കണക്കാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.




