കൊച്ചി: ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ ഭാഗമായി അങ്കമാലി പൊലീസ് നടത്തിയ പരിശോധനയിൽ ഹൈവേ കൊള്ള ആസൂത്രണം ചെയ്തിരുന്ന രണ്ട് കുപ്രസിദ്ധ കുറ്റവാളികൾ കൂടി പിടിയിലായി. അന്തിക്കാട് പെരിങ്ങോട്ടുകര സ്വദേശി കായ്ക്കുരു രാഗേഷ് (42), വാടാനപ്പള്ളി സ്വദേശി ജുഗൽ (21) എന്നിവരെയാണ് സാഹസികമായി അറസ്റ്റ് ചെയ്തത്.
അറുപതോളം കേസുകളിലെ പ്രതിയായ രാഗേഷ്, ഹൈവേ കൊള്ളക്കേസിൽ കർണാടക ജയിലിൽ നിന്ന് കഴിഞ്ഞ ജൂൺ അവസാനം മോചിതനായ ആളാണ്. ജുഗലിനെതിരെ 11 കേസുകളുണ്ടെന്നും കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അങ്കമാലി മേഖലയിൽ ഹൈവേ കൊള്ള നടത്താൻ ഒത്തുകൂടിയ സംഘത്തിലെ അംഗങ്ങളാണ് ഇരുവരുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേ കേസിൽ നേരത്തെ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ, ജോയി, ഷെമാൻ മാത്യു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് കത്തി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൂതംകുറ്റിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്ന മറ്റ് പ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു.
ഹൈവേയിലൂടെ പണവുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി. ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ ഇതുവരെ 25ഓളം ക്രിമിനലുകളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.



