വെള്ളിത്തിരയിൽ എത്തിയ വേളയിൽ തന്നെ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് മാധവ് സുരേഷ്. ആറ്റിറ്റ്യൂഡും സംസാരവും പറയുന്ന കാര്യങ്ങളിലെ വ്യക്തതയുമാണ് അതിന് കാരണം. ഇപ്പോഴിതാ തനിക്ക് സിനിമയെക്കാൾ ഇഷ്ടം ഫുട്ബോളിനോട് ആണെന്നുള്ള കാര്യം വ്യക്തമാക്കിയിരിക്കുകയാണ് താരം. അച്ഛന് താൻ ഒരു ഐപിഎസ് അല്ലെങ്കിൽ ഐഎഎസ് ഉദ്യോഗസ്ഥനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും മാധവ് സുരേഷ് പറയുന്നു. എന്നാൽ തനിക്ക് ഫുട്ബോൾ കളിക്കാനാരാകാനായിരുന്നു താല്പര്യമെന്നും അതിന് വേണ്ടി അച്ഛനും അമ്മയും പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും മാധവ് പറയുന്നു. ഓൺലൈൻ മീഡിയയോടായിരുന്നു മാധവിന്റെ പ്രതികരണം.
“അച്ഛന് ഞാൻ ഒരു ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ഉദ്യോഗസ്ഥൻ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്പൂപ്പന് അച്ഛനെ പൊലീസ് ഓഫീസറാക്കണം എന്നായിരുന്നു ആഗ്രഹം. എനിക്ക് ഫുട്ബോൾ കളിക്കാരൻ ആകാനായിരുന്നു താല്പര്യം. അതിന് അച്ഛനും അമ്മയും മാക്സിമം സപ്പോർട്ടും ചെയ്തു. എന്റെ സ്വന്തം കുറേ കുറവുകൾ കാരണവും കാലിലെ ഒരു മുറിവ് കാരണവും എനിക്കത് നഷ്ടമായി. പക്ഷേ അവരെ കൊണ്ട് പറ്റുന്നതെല്ലാം എനിക്ക് വേണ്ടി ചെയ്തു. ഞാൻ വിദേശത്ത് പോയത് അടക്കം. 16-ാമത്തെ വയസിൽ ഞാൻ യുകെയിൽ പോയതാണ്. അവരുടെ ആഗ്രഹങ്ങൾ എന്നിൽ അടിച്ചേൽപ്പിച്ചിട്ടില്ല. ഇന്നും ഫുട്ബോൾ ആണോ സിനിമയാണോ എന്ന് ചോദിച്ചാൽ ഉറപ്പായും ഫുട്ബോളേ ചൂസ് ചെയ്യത്തുള്ളൂ”, എന്നായിരുന്നു മാധവ് പറഞ്ഞത്.




