കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽനിന്ന് തടവുചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ടുപോകുന്നത്. അതിസുരക്ഷാ ജയിലില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പോലീസ് ശക്തമായ തിരച്ചില്‍ നടത്തുന്നതിനിടെ നാല് കിലോമീറ്റര്‍ അകലെ കിണറ്റില്‍നിന്ന് ഗോവിന്ദച്ചാമിയെ പിടികൂടി.
ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയിലില്‍ എല്ലാം ക്രമീകരിച്ചിട്ടുണ്ട്. ഏകാന്ത സെല്ലിലാണ് പാര്‍പ്പിക്കുക. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരില്‍ നിലവില്‍ 125 കൊടുംകുറ്റവാളികള്‍ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. ഫാനും കട്ടിലും സിസിടിവി ക്യാമറകളും ഉണ്ട്. സെല്ലിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാന്‍ പോലും സെല്ലിനു പുറത്തേക്കിറക്കില്ല. സെല്ലില്‍ ഇരുന്നുകൊണ്ട് തന്നെ കഴിക്കണം. 6 മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവിലാണ് വിയ്യൂരില്‍ മതില്‍ പണിതിരിക്കുന്നത്.
കണ്ണൂര്‍ ജയിലില്‍ സുരക്ഷാവീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ നാല് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലിനകത്തെ ഇലക്ട്രിക് ഫെന്‍സിങും സിസിടിവികളും പ്രവര്‍ത്തനക്ഷമമാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകള്‍ തുടരുകയാണ്. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണ്.
Content: Govindachamy in Viyyur jail; now in solitary confinement






