ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിനിടെ തമിഴ്നാട് നിയമസഭയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും സമീപകാലത്ത് ഉണ്ടായ നിരവധി അക്രമസംഭവങ്ങൾക്ക് പിന്നിൽ ലഹരിമാഫിയയാണെന്നും സ്റ്റാലിൻ ആരോപിച്ചു.
കോയമ്പത്തൂരിൽ 19കാരനായ അമുദൻ കൊല്ലപ്പെട്ട സംഭവം നിയമസഭയിൽ ഉന്നയിച്ച സ്റ്റാലിൻ, ഇത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി കാണരുതെന്നും കൊലപാതകമായാണ് പരിഗണിക്കേണ്ടതെന്നും പറഞ്ഞു. അമുദൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഹരി ഇടപാടുകളെക്കുറിച്ച് വിവരം നൽകിയതിനാണ് അമുദനെ കൊലപ്പെടുത്തിയതെന്നാണ് സ്റ്റാലിന്റെ ആരോപണം. അമുദന്റെ മാതാപിതാക്കളും ഇതേ ആരോപണം ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു. ലഹരിമരുന്ന് പിടികൂടുന്നതിന് വിവരം നൽകിയതിനാണ് മകനെ കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കൾ തന്നോട് പറഞ്ഞതായി സ്റ്റാലിൻ വ്യക്തമാക്കി.
സംഭവത്തിൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇത് സാധാരണ കൊലപാതകമായി തള്ളിക്കളയാനാകില്ലെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. കള്ളക്കുറിച്ചി ജില്ലാ ഘടകം കേസിൽ നീതി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ചെന്നൈ തിരുവൊട്ടിയൂരിൽ 12ാം ക്ലാസ് വിദ്യാർഥിയായ ധനുഷ് കൊല്ലപ്പെട്ട സംഭവവും സ്റ്റാലിൻ സഭയിൽ ഉന്നയിച്ചു. ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തെ ചോദ്യം ചെയ്തതിനാണ് ധനുഷിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കോയമ്പത്തൂർ സംഭവത്തിന് സമാനമായ സാഹചര്യമാണ് ചെന്നൈയിലും ഉണ്ടായതെന്ന് സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ അക്രമസംഭവങ്ങളും ലൈംഗികാതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളുകളിൽ കൗൺസലിങ് ക്ലാസുകൾ ശക്തമാക്കണമെന്നും ലഹരിമരുന്നിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സ്റ്റാലിൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
വിജയ് സർക്കാർ 100 ദിവസം പൂർത്തിയാക്കിയതിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം. സ്ത്രീസുരക്ഷ, കർഷകക്ഷേമം, യുവജനങ്ങളുടെ നൈപുണ്യ വികസനം, സുതാര്യ ഭരണം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങളാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്. എന്നാൽ സംസ്ഥാനത്തെ ക്രമസമാധാന നില മോശമാണെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നതായി സ്റ്റാലിൻ ആരോപിച്ചു.
ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും ക്രമസമാധാന നില മെച്ചപ്പെടുത്താൻ സർക്കാർ അടിയന്തരവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


