തിരുപ്പൂര്‍: അണ്ണാ ഡിഎംകെ എംഎല്‍എ സി.മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ വച്ച് സബ് ഇന്‍സ്പെക്ടറെ വെട്ടി കൊന്നു. ഉദുമല്‍പേട്ട കൂടിമംഗലം മുങ്കില്‍തൊഴുവ് ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം അന്വേഷിക്കാനെത്തിയ സ്പെഷല്‍ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ ഷണ്മുഖവേല് (52) ആണ് മരിച്ചത്. കേസില്‍ 5 പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
ഫാം ഹൗസിലെ ജോലിക്കാരനായ മൂര്‍ത്തി, മകന് തങ്കുപാണ്ഡി എന്നിവര്‍ തമ്മില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് കടന്നതോടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫാംഹൗസില്‍ അന്വേഷിക്കാന്‍ എത്തിയതായിരുന്നു ഷണ്മുഖവേല്. അച്ഛനും മകനും തമ്മിലുള്ള സംഘട്ടനത്തില്‍ മകന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ മൂര്‍ത്തിയെ സബ് ഇന്‍സ്പെക്ടര്‍ ഷണ്മുഖവേലിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടയില്‍ മകന് തങ്കപാണ്ഡി അരിവാള്‍ ഉപയോഗിച്ച് ഷണ്മുഖവേലിനെ വെട്ടുകയായിരുന്നു.
പൊലീസ് ഡ്രൈവറെയും വെട്ടാനായി പിന്തുടര്ന്നെങ്കിലും ഡ്രൈവര്‍ രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം എത്തുന്നതിന് മുന്‍പായി ഷണ്മുഖവേലിന്റെ മരണം സംഭവിച്ചിരുന്നു. കേസില്‍ വിശദമായ അന്വേഷണം നടന്നു വരുകയാണ്.




