കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വയോധികയും മകളും താമസിക്കുന്ന ഫ്ലാറ്റില്‍ വന്‍മോഷണം. 50 പവനും പണവും നഷ്ടപ്പെട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്നമ്മ തോമസ് (84), മകള്‍ സ്നേഹ ഫിലിപ്പ് എന്നിവരാണ് ഫ്ലാറ്റില്‍ താമസിക്കുന്നത്. സ്നേഹയുടെ ഭര്‍ത്താവ് വിദേശത്താണ്.
ശാരീരിക ബുദ്ധിമുട്ടുള്ളയാളാണ് അന്നമ്മ തോമസ്. ഇന്നലെ രാത്രി ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
ഫ്ലാറ്റിന്റെ മുന്‍ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ഇന്നലെ രാത്രി 2 മണിക്കും പുലര്‍ച്ചെ ആറു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.
മുറിയിലെ സ്റ്റീല്‍ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. തുടര്‍ന്ന് ഇവര്‍ വിവരം കോട്ടയം ഈസ്റ്റ് പൊലീസില്‍ അറിയിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ഫ്ലാറ്റുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.




