കൊല്ലം: ചവറ കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗിക അതിക്രമ പരാതി. ജഡ്ജി ഉദയകുമാറിനെതിരെയാണ് പരാതി. വിവാഹ മോചന കേസുകള്‍ക്ക് ഹാജരായ സ്ത്രീകള്‍ക്കെതിരെ ജഡ്ജ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായാണ് പരാതിയില്‍ പറയുന്നത്. മൂന്ന് പരാതികളാണ് ഇയാള്‍ക്കെതിരെ കൊല്ലം ജില്ലാ ജഡ്ജിന് ലഭിച്ചത്.
പരാതിയെ തുടര്‍ന്ന് ഹൈകോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തെ ജില്ലാ കോടതികളുടെ ചുമതല വഹിക്കുന്ന രജിസ്ട്രാര്‍ ഡിസ്ട്രിക്റ്റ് ജൂഡിഷ്യറിയാണ് പരാതി അന്വേഷിക്കുക. നടപടികളുടെ ഭാഗമായി ഉദയകുമാറിനെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റി.
ജഡ്ജി ഉദയകുമാര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുമായി കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍ ജഡ്ജിയെ സമീപിച്ചത് മൂന്ന് പേരാണ്. കുടുംബ കോടതിയിലെത്തുന്ന വിവാഹ മോചനത്തിന് തയാറായി, മാനസികമായി തളര്‍ന്നിരിക്കുന്ന സ്ത്രീകളെ സാധാരണ അഭിഭാഷകരാണ് കൗണ്‍സിലിങ്ങിനും മറ്റും വിധേയരാക്കുന്നത്. എന്നാല്‍, ജഡ്ജി ഉദയകുമാര്‍ നേരിട്ട് ചേംബറിലേക്ക് വിളിച്ചുകൊണ്ട് അവരെ ലൈംഗികമായി അതിക്രമത്തിന് ശ്രമിച്ചു എന്നാണ് പരാതി. കൊല്ലം ജില്ലാ ജഡ്ജി പരാതികള്‍ ലഭിച്ചതോടെ ഹൈകോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.






