ബാംങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കി. കംബോഡിയന്‍ മുന്‍ ഭരണാധികാരിയുമായുള്ള ഫോണ്‍സംഭാഷണത്തിലെ പരാമർശങ്ങളുടെ പേരിലാണ് പുറത്താക്കിയത്. ഭരണഘടനാ കോടതിയുടേതാണ് നടപടി. ധാര്‍മിക പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തായ്‌ലൻഡില്‍ ശക്തമായ രാഷ്ട്രീയ വേരോട്ടമുള്ള ഷിനവത്ര കുടുംബാംഗമാണ് പെയ്‌തോങ്താന്‍. 2024 ഓഗസ്റ്റിലാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി പെയ്‌തോങ്താന്‍ ഷിനവത്ര അധികാരമേറ്റത്.
ഒരു വര്‍ഷം മാത്രം പദവിയിലിരുന്നതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി വരുന്നത്. മൂന്നിനെതിരെ ആറ് വോട്ടുകള്‍ക്കാണ് തായ്‌ലന്‍ഡിലെ ഭരണഘടനാ കോടതി പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കൽ വിധി പുറപ്പെടുവിച്ചത്. കംബോഡിയയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രിയുമായുള്ള പെയ്‌തോങ്താന്‍ ഷിനവത്രയുടെ ഫോണ്‍കോള്‍ സംഭാഷണം പുറത്ത് വന്നത്.
ജൂണ്‍ 15-ന് ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണം പിന്നീടാണ് പുറത്ത് വരുന്നത്. പെയ്‌തോങ്താന്‍ മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നിനെ ‘അങ്കിള്‍’ എന്ന് വിളിക്കുന്നതും, ഒരു കംബോഡിയന്‍ സൈനികന്റെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തില്‍ സ്വന്തം സൈന്യത്തിന്റെ നടപടികളെ വിമര്‍ശിക്കുന്ന സംഭാഷണവുമാണ് പുറത്തുവന്നത്.




