കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം. കേസന്വേഷിക്കുന്ന എസ്പി എസ്. ശശിധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിലനിര്‍ത്താമെന്ന് ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പില്‍നിന്നാണ് സര്‍ക്കാര്‍ ഇപ്പോൾ മാറ്റണമെന്ന് ആവിശ്യപെടുന്നത്. വിജിലന്‍സില്‍ നിന്ന് സ്ഥലംമാറി പോകുകയാണെങ്കിലും ശശിധരന്‍ തന്നെ മൈക്രോഫിനാന്‍സ് കേസ് അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മുൻപ് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ആഭ്യന്തര സെക്രട്ടറി തന്നെ നേരിട്ട് ഹൈക്കോടതിയിലെത്തി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.
മൈക്രോ ഫിനാന്‍സ് കേസില്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ദുരുപയോഗമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഓക്ടോബറില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സമയപരിധി നിശ്ചയിച്ച് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ആവിശ്യം സർക്കാർ മുന്നോട്ട് വെക്കുന്നത്. ഡിഐജി ആയ കെ. കാര്‍ത്തിക്കിന് അന്വേഷണ ചുമതല നല്‍കാമെന്നും സംസ്ഥാനതലത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ ഇത് സഹായിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.






