കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം തുടരും. ജിതിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
ജാമ്യം ലഭിച്ചതിന് പിന്നാലെ വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലുണ്ടായ അക്രമസംഭവങ്ങളും പൊലീസിനും സർക്കാരിനുമെതിരായ വെല്ലുവിളി നിറഞ്ഞ പരാമർശങ്ങളും പ്രകോപന മുദ്രാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജിതിനെ പ്രതിയാക്കി പൊലീസ് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ, ജാഥകളിലും സ്വീകരണ പരിപാടികളിലും പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും പൊലീസ് കെട്ടിച്ചമച്ച കേസുകളാണ് ചുമത്തുന്നതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
അതേസമയം, കേസിലെ മറ്റൊരു ഡിവൈഎഫ്ഐ നേതാവായ റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിൽ പ്രതി ചേർക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണൻ കോടതിയെ സമീപിച്ചത്.



