ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഏകദേശം 20 ലക്ഷം വിദ്യാർഥികളിൽ 11.21 ലക്ഷം പേർ യോഗ്യത നേടി. യോഗ്യത നേടിയവരിൽ 58 ശതമാനവും പെൺകുട്ടികളാണ്.
പ്രാഥമിക വിവരങ്ങൾ പ്രകാരം പഞ്ചാബ് സ്വദേശിയായ ആര്യൻ ഗുപ്തയും ഹരിയാന സ്വദേശിയായ പൻഷുൽ ബൻസാലും 715 മാർക്കോടെ ഒന്നാം റാങ്ക് പങ്കിട്ടു. ദേശീയ തലത്തിലെ ആദ്യ നൂറ് റാങ്കുകളിൽ കേരളത്തിൽ നിന്ന് ഒരു വിദ്യാർഥി മാത്രമാണ് ഇടം നേടിയത്. കേരളത്തിൽ ഒന്നാം റാങ്ക് നേടിയ നീരജ് ബി ദേശീയതലത്തിൽ 89ാം റാങ്ക് സ്വന്തമാക്കി.
പരീക്ഷയിൽ 19 പേർക്ക് 700ൽ കൂടുതൽ മാർക്ക് ലഭിച്ചു. 138 പേർ 690ന് മുകളിൽ മാർക്ക് നേടി. 650ന് മുകളിൽ മാർക്ക് നേടിയത് 1,492 പേരാണ്. 600ൽ കൂടുതൽ മാർക്ക് 10,160 പേർ നേടിയപ്പോൾ 90,780 പേർക്ക് 500ലധികം മാർക്ക് ലഭിച്ചു.
പരീക്ഷയുടെ അന്തിമ ഉത്തരസൂചിക എൻടിഎ പുറത്തുവിട്ടിരുന്നു. പരീക്ഷാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.
അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വിദ്യാർഥികൾ സമർപ്പിച്ച എതിർപ്പുകൾ എൻടിഎ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു. എതിർപ്പുകൾ പരിഗണിച്ച് രണ്ട് ചോദ്യങ്ങളിലാണ് ഭേദഗതി വരുത്തിയത്. മൾട്ടിപ്പിൾ ഉത്തരങ്ങളുള്ള ചോദ്യങ്ങൾ ഒഴിവാക്കുകയും, ഇത്തരം ചോദ്യങ്ങൾക്ക് മൂല്യനിർണയ നയപ്രകാരം മുഴുവൻ മാർക്കും അനുവദിക്കുകയും ചെയ്തതായി എൻടിഎ അറിയിച്ചു.



