ആലപ്പുഴ: സിപിഐഎമ്മും മുൻ മന്ത്രി ജി. സുധാകരനും തമ്മിലുള്ള തർക്കം നിയമനടപടികളിലേക്ക് നീങ്ങുന്നു. ‘പൊളിറ്റിക്കൽ ക്രിമിനൽ’ എന്ന പരാമർശത്തിൽ ജി. സുധാകരനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുൻ എംഎൽഎ എച്ച്. സലാം വ്യക്തമാക്കി.
താൻ നടത്തിയ പ്രയോഗത്തിലൂടെ ജി. സുധാകരൻ എന്താണ് ഉദ്ദേശിച്ചതെന്ന് കോടതിയിൽ വന്ന് വ്യക്തമാക്കട്ടെയെന്ന് എച്ച്. സലാം പ്രതികരിച്ചു. വ്യക്തിവിരോധം തീർക്കുന്നതിനായി സുധാകരൻ വർഗീയ പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ചുമതല ഇല്ലാതിരുന്നിട്ടും ജി. സുധാകരൻ സ്വന്തം നിലയിൽ പണം പിരിച്ചെന്നും അത് പാർട്ടിക്ക് കൈമാറിയില്ലെന്നുമാണ് എച്ച്. സലാമിന്റെ ആരോപണം. പിരിച്ച പണത്തിന്റെ കണക്കുകൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സുധാകരൻ നൽകിയ കണക്കുകൾ വ്യത്യസ്തമാണെന്നും പാർട്ടി പരിശോധിച്ച വിഷയങ്ങളിൽ സാമ്പത്തിക ആരോപണവും ഉൾപ്പെട്ടിരുന്നുവെന്നും സലാം പറഞ്ഞു.
ജി. സുധാകരൻ മാധ്യമപ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ചെന്നും എതിരാളികളെ ഇല്ലാതാക്കാൻ ജാതിയും മതവും ഉപയോഗിക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റേതെന്നും എച്ച്. സലാം ആരോപിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ തന്നെ തീവ്രവാദിയാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിപിഐഎമ്മിന്റെ വേഷം ധരിച്ച് നടക്കുന്ന ‘പൊളിറ്റിക്കൽ ക്രിമിനൽസ്’ ആണ് ഇപ്പോഴുള്ളതെന്നായിരുന്നു ജി. സുധാകരന്റെ വിമർശനം. രണ്ടുമാസം മുൻപ് തനിക്കെതിരെ നടന്ന സ്ത്രീകളുടെ പ്രതിഷേധത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചിരുന്നു. അഭിമാനമുള്ള സ്ത്രീകൾ ആ പ്രതിഷേധത്തിൽ പങ്കെടുക്കില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവന്നാൽ എച്ച്. സലാം ഇന്ന് പാർട്ടിയിൽ ഉണ്ടാകില്ലെന്നും ജി. സുധാകരൻ ആരോപിച്ചിരുന്നു. അമ്പലപ്പുഴയിൽ തനിക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായെന്നും ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.




