ന്യൂഡൽഹി: മുഖ്യമന്ത്രി-കെഎസ്‌യു തർക്കത്തിൽ വി.ഡി. സതീശന്റെ നിലപാടിനെ തള്ളി ഹൈക്കമാൻഡ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായിരുന്നില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിപക്ഷത്തിരുന്ന കാലത്ത് കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തിയ പോരാട്ടങ്ങൾ മറക്കരുതെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.
എന്നാൽ പോഷക സംഘടനകളുടെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യ വേദികളിൽ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും നേതൃത്വം നിർദേശിച്ചു. വിഷയങ്ങൾ ബന്ധപ്പെട്ട പാർട്ടി വേദികളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്.
കെഎസ്‌യുവിന് അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കെഎസ്‌യു നേരത്തെയും നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും, പരാതികളുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായങ്ങൾ അറിയിക്കുന്നതിന് ചില രീതികൾ പാലിക്കണമെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ അവതരിപ്പിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രി-കെഎസ്‌യു തർക്കത്തിൽ പരസ്യ പ്രതികരണങ്ങൾ ഉണ്ടായതിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അതൃപ്തി രേഖപ്പെടുത്തി. വിഷമകരമായ വിഷയങ്ങൾ ബന്ധപ്പെട്ട വേദികളിൽ ഉന്നയിക്കണമെന്നും പാർട്ടി അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന നടപടികൾ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പിന്തുണച്ചു. ഏത് വിഷയത്തിലും നിലപാട് തുറന്ന് പറയാൻ ധൈര്യമുള്ള നേതാവാണ് അലോഷ്യസ് സേവ്യറെന്നും, താൽക്കാലിക ബുദ്ധിമുട്ടുകൾ ഉണ്ടായാലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നും സുധീരൻ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് നേതാക്കളുടെ പ്രതികരണങ്ങൾ പുറത്തുവന്നത്.


