കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളായതോടെ ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത തുടരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് കുവൈത്ത് എയർവേസ് ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചു.
യാത്രക്കാർ ബുക്കിംഗിനൊപ്പം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് ലഭിക്കുന്ന സന്ദേശങ്ങളും അറിയിപ്പുകളും ശ്രദ്ധാപൂർവം പരിശോധിച്ച് യാത്രാ വിവരങ്ങൾ ഉറപ്പാക്കണമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. മേഖലയിലെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടികൾ.
കുവൈത്തിൽ വീണ്ടും അപായ സൈറൺ
മിസൈൽ, ഡ്രോൺ ഭീഷണിയെ തുടർന്ന് കുവൈത്തിൽ വീണ്ടും രാജ്യവ്യാപകമായി അപായ സൈറണുകൾ മുഴക്കി. നാലാം തവണയാണ് ഇത്തരത്തിൽ മുന്നറിയിപ്പ് സൈറൺ പ്രവർത്തിപ്പിക്കുന്നതെന്ന് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സുരക്ഷാ ഭീഷണികളെ നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുവൈത്ത് നാവികസേനയുടെ ഒരു കപ്പൽ ആക്രമണത്തിന് ഇരയായ സംഭവത്തിൽ പരിക്കേറ്റ നാല് സൈനികരുടെയും ആരോഗ്യനില തൃപ്തികരവും സ്ഥിരതയുള്ളതുമാണെന്ന് അധികൃതർ അറിയിച്ചു.
ബഹ്റൈനിലും ജാഗ്രത ശക്തമാക്കി
കുവൈത്തിന് പിന്നാലെ ബഹ്റൈനിലും രാജ്യവ്യാപകമായി മുന്നറിയിപ്പ് സൈറണുകൾ പ്രവർത്തിപ്പിച്ചു. സുരക്ഷാ സാഹചര്യത്തിന്റെ ഭാഗമായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊതുജനങ്ങളും പ്രവാസികളും പരിഭ്രാന്തരാകരുതെന്നും സൈറൺ മുഴങ്ങുന്ന സാഹചര്യത്തിൽ സമീപത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറണമെന്നും ഔദ്യോഗിക നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. ഔദ്യോഗിക ചാനലുകളിലൂടെ പുറത്തുവരുന്ന അറിയിപ്പുകളും നിർദേശങ്ങളും മാത്രം വിശ്വസിക്കണമെന്നും അധികൃതർ വ്യക്തമാക്കി.


