ഇടുക്കി: എൽഡിഎഫ് ഭരിക്കുന്ന തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 10.75 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയെന്നാണ് വിവരം. ഇടുക്കി ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ മുൻ പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരുമുൾപ്പെടെ 13 പേർക്കെതിരെ മുരിക്കാശ്ശേരി പൊലീസ് കേസെടുത്തു.
2020 മുതൽ 2026 ജനുവരി വരെയുള്ള കാലയളവിലാണ് ബാങ്കിൽ ക്രമക്കേടുകൾ നടന്നതെന്നാണ് അന്വേഷണ റിപ്പോർട്ട്. അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിലും വ്യാജ പേരുകളിലും വായ്പ അനുവദിച്ച് പണം തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ.
വിവിധ സ്വയം സഹായ സംഘങ്ങളും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളും രൂപീകരിച്ച് വായ്പ എടുത്തതായും പരിശോധനയിൽ കണ്ടെത്തി. സംഭവത്തിന് പിന്നാലെ 236 വായ്പ അപേക്ഷകൾ ബാങ്കിൽ നിന്ന് കാണാതായതായും റിപ്പോർട്ടിൽ പറയുന്നു.
ബാങ്ക് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും സ്ഥിരം, താൽക്കാലിക ജീവനക്കാരും ചേർന്നാണ് ക്രമക്കേട് നടത്തിയതെന്നാണ് ആരോപണം. സെക്രട്ടറി സുനിതാ കുമാരിയിൽ നിന്ന് 3.17 കോടി രൂപയും മുൻ പ്രസിഡന്റ് ഷൈൻ തോമസിൽ നിന്ന് 82 ലക്ഷം രൂപയും തിരിച്ചുപിടിക്കാനുണ്ടെന്നാണ് കണക്കുകൾ.
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. സെക്രട്ടറിയും ജീവനക്കാരും എടുത്ത വായ്പകളും അഡ്വാൻസ് തുകയും തിരിച്ചടച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിന് കേരള ബാങ്കിന് 20 കോടി രൂപയും നിക്ഷേപകർക്ക് 10 കോടി രൂപയും നൽകാനുണ്ടെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.


