കോട്ടയം: കെഎസ്‌യു പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന ചില കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ഇത്തരം വിഷയങ്ങൾ ആദ്യം പാർട്ടിയുടെ ബന്ധപ്പെട്ട വേദികളിൽ ഉന്നയിച്ച് പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ വലിയ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണിതെന്നും, പാർട്ടിയുടെ ഭാഗത്ത് നിന്ന് തന്നെ അസ്വസ്ഥതകൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ഇടപെടുമെന്നും സർക്കാർ തലത്തിലും ആവശ്യമായ ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന നടപടികൾ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം, വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വിമർശിച്ചു. വിലകുറഞ്ഞ ആരോപണങ്ങളാണ് ഉയർത്തുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കെ.സി. വേണുഗോപാൽ പ്രതികരണം നടത്തിയത്.


