മലപ്പുറം: സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടി നിലപാട് മനസ്സിലാക്കി അഭിപ്രായം പറയണമെന്നും വിവാദത്തിനു കാരണമാകുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും ലീഗ് മന്ത്രിമാർക്ക് നിർദേശം നൽകി നേതൃത്വം. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രിമാരും നേതൃത്വവും തമ്മിൽ കൂടിയാലോചന നടത്തും. പാർട്ടി മന്ത്രിമാരുമായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
മന്ത്രിസഭാ രൂപീകരണത്തിനു ശേഷമുള്ള ലീഗിന്റെ ആദ്യ സമ്പൂർണ നേതൃയോഗം ഇന്നു കോഴിക്കോട്ട് നടക്കും. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പോഷകസംഘടനകൾ ഉയർത്തിയ അതൃപ്തിയും പിഎം ശ്രീ, വഖഫ് ബോർഡ് വിവാദം, ഗവ.പ്ലീഡർ നിയമന വിവാദം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.












