ശ്രീഹരിക്കോട്ട: രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണ മേഖലയിൽ നിർണായക നേട്ടം. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച വിക്രം-1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയിൽ സ്വകാര്യ മേഖല ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ ക്ലാസ് റോക്കറ്റാണ് വിക്രം-1. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ആദ്യ വിക്ഷേപണ പാഡിൽ നിന്നായിരുന്നു വിക്ഷേപണം.
വിക്ഷേപണത്തിന് മുന്നോടിയായി വ്യോമ, നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോക്കറ്റിന്റെ സഞ്ചാരപഥത്തിന് സമീപം നിയന്ത്രിത മേഖലകളും പ്രഖ്യാപിച്ചിരുന്നു.
‘ആഗമൻ’ എന്ന പേരിലുള്ള ഈ ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യയിലെ സ്വകാര്യ കമ്പനികളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിലെ വളർച്ചയിലെ പ്രധാന ചുവടുവയ്പ്പായാണ് വിക്രം-1ന്റെ വിക്ഷേപണം വിലയിരുത്തപ്പെടുന്നത്.


